# ആതിര എ. ആർ.
വാടാത്ത പൂക്കളോ?
അതേ, വാടാത്ത പൂക്കൾ. ചുവപ്പും നീലയും റോസും നിറങ്ങളിൽ ഉള്ളവ. നിറവും മണവും തേനും പേരുമില്ലാത്ത ചില പൂക്കൾ.
നീ എവിടെയാണവയെ കണ്ടത്? പൂന്തോട്ടത്തിലാണോ?
അല്ല. മൗനം.. അത്… അതൊരു വലിയ താഴ്വരയാണ്. കാശു കൊടുത്താൽ കിട്ടാത്തതായി അവിടൊന്നുമില്ല. താഴ്വര കാണാൻ ദിവസേന സന്ദർശകർ ഒരുപാട് വരാറുണ്ട്.
ഈ പൂക്കളെ കാണാനാണോ സന്ദർശകർ വരുന്നത്?
അല്ലേയല്ല.കൈ കൂപ്പി പുഞ്ചിരിയോടെ സന്ദർശകരെ സ്വാഗതമരുളാൻ നിർത്തിയിരിക്കുന്നതാണവയെ. സന്ദർശകർ ആരും തന്നെ ആ പൂക്കളെ ഗൗനിക്കാറു കൂടിയില്ല. എങ്കിലും പരാതിയില്ലാതെ അവ പുഞ്ചിരിക്കും, കൈകൂപ്പും യാത്ര പറയും…
ഒരു കണക്കിനു ഭാഗ്യമുള്ള പൂക്കളാണവർ, പൂന്തോട്ടത്തിലെ മറ്റു പൂക്കളെ പോലെ ഇവയ്ക്ക് വെയിലേൽക്കണ്ടാ, മഴ നനയണ്ടാ… ശീതികരിച്ച താഴ്വരയിൽ മണിക്കൂറുകളോളം നിൽക്കാലോ. തനിയെ പൂക്കുകയും വേണ്ട.പകരം പാരിതോഷികമായി കുറച്ചു കടലാസു പൂക്കൾ അവയ്ക്ക് സ്വന്തമാകുകയും ചെയ്യും.
അതെങ്ങനെ അവർ ഭാഗ്യമുള്ളവരാകും? സ്വതന്ത്രമായി പൂക്കാൻ കഴിയാതെ വരുന്നവ, അവർ നിർഭാഗ്യർ തന്നെയാണ്. ശീതീകരിച്ച താഴ്വരയിൽ നിന്ന് പുറത്തെ മഴയും വെയിലുമേറ്റ് പൂക്കാനും നറുമണം പൊഴിക്കാനും കൊതി കാണുമവർക്ക്. പുറമേയുള്ള ഇതളുകൾ അടർത്തി നോക്കിയാൽ പുഞ്ചിരിയാൽ ഒളിപ്പിച്ചു വച്ച ഉള്ള് വാടിയിരിക്കുന്നത് കാണാനായേക്കും ഒരുപക്ഷേ…
പാതി മാത്രം കഴിച്ച വില കൂടിയ ഐസ്ക്രീം മേശപ്പുറത്ത് അവശേഷിപ്പിച്ച് കാശു നോക്കാതെ വാങ്ങിക്കൂട്ടിയ സാധനങ്ങൾ ഇട്ട ഷോപ്പിംഗ് കവറുകൾ ഒന്നൊന്നായി കൈയ്യിലെടുത്ത് പ്രണയിതാവിനൊപ്പം കൈപിടിച്ച് നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ നിന്ന് പുറത്ത് കാർ പാർക്കിൽ ഏരിയയിലോട്ട് നടക്കുമ്പോഴും അവൾ കാണാത്ത, വാടാത്ത പൂക്കളെ അവൻ കാണുന്നുണ്ടായിരുന്നു. മുഖത്ത് പുഞ്ചിരി വരുത്തി,കൈ കൂപ്പി, സന്ദർശകർക്ക് സ്വാഗതമരുളുന്ന ജീവനുള്ള പെൺപൂക്കൾ….
Leave a Reply