മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി

അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഗാന്ധി ആദ്യമായി കേരളം സന്ദര്‍ശിച്ചത്.

ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം

ഖിലാഫത്ത് പ്രസ്താനത്തിന്റെ സ്ഥാപകരില്‍ ഒരാളായ ഷൗക്കത്തലിയോടൊപ്പമായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം സന്ദര്‍ശനം. 1920 ആഗസ്റ്റ് 20-ന് തീവണ്ടിമാര്‍ഗ്ഗമാണ് ഗാന്ധിജി കോഴിക്കോട്ട് എത്തിയത്. അന്ന് ഗാന്ധിജി 500 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുയോഗത്തെ അധിസംഭോധന ചെയ്തു.

1920 ഓഗസ്റ്റ് 18-ന് വൈകീട് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ ഗാന്ധിജി പ്രസംഗിച്ചു. വിദേശികള്‍ക്കെതിരെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ചുനിന്ന് പോരാടണമെന്ന ആഹ്വാനമാണ് മലയാളികള്‍ക്ക് അദ്ദേഹം നല്‍കിയത്. കെ മാധവന്‍ നായരായിരുന്നു പ്രസംഗം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.

ഖിലാഫത്ത് ഫണ്ടിലേക്ക് സമാഹരിച്ച 2500 രൂപ രാമുണ്ണിമേനോന് ഗാന്ധിജി കൈമാറി. 1920-ലെ ആദ്യ കേരള സന്ദര്‍ശന വേളയില്‍ ഗാന്ധിജി തലശേരിയും കണ്ണൂരും സന്ദര്‍ശിച്ചു. പിറ്റേദിവസം കാലത്ത് ഗാന്ധി മംഗലാപുരത്തേക്കുപോയി.

ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശനം

1925 മാര്‍ച്ച് എട്ട് മുതല്‍ 19 വരെയായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശനം. 1924-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നല്‍കാനായിരുന്നു ഗാന്ധിജി രണ്ടാം കേരള സന്ദര്‍ശനം. ഈ സന്ദര്‍ശന വേളയിലാണ് ഗാന്ധിജി ശ്രീനാരായണഗുരുവിനെയും സന്ദര്‍ശിച്ചത്.

എല്ലാം ഹിന്ദുമത വിശ്വാസികള്‍ക്കും വൈക്കം ക്ഷേത്രവഴികളിലൂടെ സഞ്ചരിക്കാനുള്ള അനുവാദത്തിനുവേണ്ടിയായിരുന്നു സ്ത്യാഗ്രഹം നടന്നത്. 1925 മാര്‍ച്ച് 9 ന് ഗാന്ധിജിക്ക് വൈക്കത്ത് അതിഗംഭീരമായ വരവേല്‍പ്പാണ് ലഭിച്ചത്. സമരത്തിന്റെ പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സത്യഗ്രഹത്തെ എതിര്‍ത്ത ഇണ്ടന്‍തുരുത്തി നമ്പൂതിരിയുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

1925 മാര്‍ച്ച് 12ന് ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച്ച നടത്തി വര്‍ക്കലയില്‍ താമസിക്കുകയും പൊതുജനങ്ങളോട് സംസാരിക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. തിരുവിതാംകൂറിലെ ബാലനായ മഹാരാജാവ് ശ്രീചിത്തിര തിരുനാളിനെയും അമ്മ മഹാറാണി സേതു പാര്‍വതീഭായിയെയും സന്ദര്‍ശിച്ച ഗാന്ധിജി ക്ഷേത്രപ്രവേശനത്തെപ്പറ്റിയും വൈക്കം സത്യാഗ്രഹത്തെപ്പറ്റിയും ചര്‍ച്ചചെയ്തു.

തിരികേ വൈക്കത്ത് എത്തിയ ഗാന്ധിജി സവര്‍ണ നേതാവ് ഇണ്ടന്തുരുത്തി നമ്പൂതിരിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുകയും പോലീസ് കമ്മീഷണര്‍ പിറ്റുമമായി സംസാരിക്കുകയും ചെയ്തു. മഹാകവി വള്ളത്തോള്‍ സാഹിത്യമഞ്ജരി ഗാന്ധിക്ക് സമര്‍പ്പിച്ചും ഈ വേളയിലാണ്. 1925 മാര്‍ച്ച് 19 ന് അദ്ദേഹം രണ്ടാം കേരളാ സന്ദര്‍ശനം പൂര്‍ത്തിയാക്കി യാത്ര തിരിച്ചു. പാലക്കാട് റെയില്‍വേ തൊഴിലാളികളുടെ വക അദ്ദേഹത്തിന് യാത്രയയപ്പും ലഭിച്ചിരുന്നു.

ഗാന്ധിജിയുടെ മൂന്നാം കേരളം സന്ദര്‍ശനം

അയിത്തത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഗാന്ധിജിയുടെ മൂന്നാം കേരള സന്ദര്‍ശനം. 1927 ഒക്ടോബര്‍ 9 മുതല്‍ 25 വരെയായിരുന്നു സന്ദര്‍ശനം. 1927 ഒക്ടോബര്‍ 9-ന് നഗര്‍കോവില്‍വഴി തിരുവനനന്തപുരത്ത് എത്തിയ ഗാന്ധിജി റീജന്റ് മഹാറാണി സേതുലക്ഷ്മീഭായിയെ സന്ദര്‍ശിച്ചു.

വി.ജെ.ടി. ഹാളില്‍ മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പുത്തന്‍ കച്ചേരി മൈതാനത്ത് പൊതുയോഗത്തില്‍ സംസാരിക്കുകയും ചെയ്തു. കൊച്ചിലെത്തിയ ഗാന്ധിജിയെ ദിവാന്‍ ടി.എസ്. നാരായണയ്യരും പാറുക്കുട്ടി നേത്യാരമ്മയും സന്ദര്‍ശിച്ചു. ഗാന്ധിജിയെ കാണാന്‍ ഗസ്റ്റ്ഹൗസിലെത്തിയ കവി വള്ളത്തോള്‍ ഗാന്ധിജിയെ തന്റെ ഗുരുവായി സ്വീകരിച്ചു.

ഗാന്ധിജിയുടെ നാലാം കേരള സന്ദര്‍ശനം

1934 ജനുവരി 10 മൂതല്‍ 22 വരെയായിരുന്നു ഗാന്ധിജിയുടെ നാലാം കേരളാ സന്ദര്‍ശനം. ഈ വേളയില്‍ ഭാര്യ കസ്തൂര്‍ബ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. പിന്നാക്കജാതിക്കാരുടെ ഉന്നമനത്തിന് ഹരിജന്‍ ഫണ്ട് പിരിക്കുന്നതിനുള്ള ദേശവ്യാപകമായ സഞ്ചാരത്തിന്റെ ഭാഗമായിട്ടാണ് ഗാന്ധിജി നാലാമത് കേരളം സന്ദര്‍ശിച്ചത്.

ഈ സന്ദര്‍ശനത്തില്‍ കേരളത്തിന്റെ മിക്കഭാഗത്തും അദ്ദേഹം സഞ്ചരിച്ചു. ഈ സന്ദര്‍ശനത്തിലാണ് വടകരയില്‍വെച്ച് കൗമുദി എന്ന പതിനാറുകാരി അണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് നല്‍കിയത്. കേളപ്പന്റെ ശിഷ്യനായ തറമ്മല്‍ കൃഷ്ണനും ഭാര്യയും തങ്ങള്‍ക്ക് വിവാഹസമ്മാനമായി ലഭിച്ച വിലകൂടിയ വെള്ളിപ്പാത്രം ഗാന്ധിജിക്ക് സമ്മാനിച്ചതും ഈ സന്ദശനത്തിലാണ്.

ഗാന്ധിജിയുടെ അവസാന കേരള സന്ദര്‍ശനം

1937 ജനുവരി 12 മുതല്‍ 21 നീണ്ടുനിന്നതായിരുന്നു ഗാന്ധിജിയുടെ അവസാന കേരള സന്ദര്‍ശനം. തിരുവിതാംകൂറില്‍ മാത്രമായിരുന്നു ഈ സന്ദര്‍ശനം. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബര ആഘോഷങ്ങളിള്‍ പങ്കെടുക്കാനാണ് 1937 ജനുവരി 12-ന് അദ്ദേഹം എത്തിയത്.

അന്ന് അദ്ദേഹം തലസ്ഥാനത്തെ ശ്രീത്മനാഭസ്വാമിക്ഷേത്രം ഉള്‍പ്പെടെ പ്രധാനക്ഷേത്രങ്ങളിലെല്ലാം മുമ്പ് അയിത്തം കല്‍പിച്ച് അകറ്റിനിര്‍ത്തിയിരുന്ന ആളുകളോടൊപ്പം ഗാന്ധിജി സന്ദര്‍ശനം നടത്തി. 1937 ജനുവരി 21-ന് അദ്ദേഹം കൊട്ടാരക്കര വഴി മദ്രാസിലേക്കുപോയി


Comments

Leave a Reply

Your email address will not be published. Required fields are marked *