ഉരുള്‍പൊട്ടല്‍ ഒരു പ്രകൃതി പ്രതിഭാസമാണ്. മനുഷ്യന്റെ ഇടപെലുകള്‍ കൂടാതെ മറ്റ് പ്രകൃതിദത്ത കാരണങ്ങളാലും ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നു. ജനവാസ മേഖലകളില്‍ മാത്രമല്ല മനുഷ്യസാന്നിധ്യമില്ലാത്ത കാടുകളില്‍ വരെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നുണ്ട്. പൊതുവേ 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള ഇടങ്ങളാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഭൗമശാസ്ത്രപഠനകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ആകെ ഭൂപ്രകൃതിയുടെ 48 ശതമാനവും മലനാടായ കേരളത്തില്‍ ഏറ്റവും കൂടുതലായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭവും ഉരുള്‍പൊട്ടലാണ്.
എന്താണ് ഉരുള്‍പൊട്ടല്‍?
സ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താഴെക് പതിക്കുന്നതാണ് ഉരുള്‍പൊട്ടല്‍. ചരിഞ്ഞ പ്രദേശങ്ങളില്‍ കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ പെയ്യുന്നതാണ് ഉരുള്‍പൊട്ടല്‍ അനുഭവപ്പെടാനുള്ള പ്രധാന കാരണം. ഉരുള്പൊട്ടലിനൊടുവില് അവശേഷിക്കുന്നത് നഗ്നമാക്കപ്പെട്ട അടിപ്പാറകളായിരിക്കും. ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നീര്‍ചാലുകളും ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങളില്‍ ഇത് സ്ഥിരപ്പെടാറുമുണ്ട്.
ഉരുള്‍പൊട്ടല്‍: കാരണങ്ങള്‍
കുത്തനെയുള്ള ചരിവുകളിലാണ് ഉരുള്‍പൊട്ടല്‍ സാധാരണയായി കണ്ടുവരുന്നത്. മഴക്കാലങ്ങളിലാണ് ഇത് സര്‍വ്വസാധാരണയായി ഉണ്ടാകുന്നത്. ചരിവു കൂടുതലുള്ള പ്രദേശങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായ മഴപെയ്യുന്നതുമൂലം ജലം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു. ഈ ജലം മണ്ണിലെ സുഷിരങ്ങളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായി കുത്തന്‍ ചരിവുകളിലെ മണ്ണും കല്ലും മറ്റും ഭൂഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി താഴേക്ക് പതിക്കുന്നു.
ഭൂമികുലുക്കം, മേഘസ്ഫോടനം, കടും വരള്‍ച്ചയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പേമാരി തുടങ്ങിയവും ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്.
ഉരുള്‍പൊട്ടല്‍: മനുഷ്യന്റെ പങ്ക്
ഭൂസ്ഥിരത നഷ്ടപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സ്വാഭാവിക കാരണങ്ങളാലും മനുഷ്യന്റെ ഇടപെടല്‍ മൂലവും ഭൂസ്ഥിരത നഷ്ടപെടാം. മനുഷ്യഇടപെടലുകള്‍ തന്നെയാണ് അടുത്തിടെ സംഭവിക്കുന്ന മ്ക്കവാറും എല്ലാ ഉരുള്‍പൊട്ടലുകള്‍ക്കുള്ള കാരണം.
ചരുവകളിലുള്ള മനുഷ്യന്റെ അശാസ്ത്രീയമായ ഇടപലുകളാണ് ഉരുപൊട്ടല്‍ ഉണ്ടാകുള്ള പ്രധാനകാരണം. ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചരുവുകളില്‍ കൃഷിചെയ്യുന്നതും മണ്ണും പാറയും ഖനനം നടത്തുന്നതും റോഡ് പണിയുന്നതും കെട്ടിടനിര്‍മാണവും ഒക്കെ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാകുന്നു.
കുന്നില്‍ ചെരുവുകളിലെ നീര്‍ചാലുകളുടെ സ്വാഭാവിക ഗതി തടസ്സപെടുത്തുകയോ മാറ്റപെടുമ്പോഴോ ഉരുള്‍പൊട്ടലിന്റെ സാധ്യത ഇരട്ടിക്കും. മലനിരകളില്‍ പെയ്യുന്ന മഴവെള്ളത്തെ അപ്പപ്പോള്‍ ഒഴുക്കി മാറ്റുന്നത് ഇത്തരം ചെറുചാലുകളാണ. ഇതിന് തടസ്സം ഉണ്ടാകുമ്പോള്‍ ഒഴുക്ക് തടസ്സപ്പെടുന്നു. അങ്ങനെ കെട്ടി നില്ക്കുന്ന ജലം മര്‍ദ്ദം ചെലുത്തുകയും ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും ചെയ്യുന്നു.
സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, കെട്ടിടം പണിയുക, അമിതഭാരം ഏല്‍പ്പിക്കുക, സ്ഫോടനങ്ങൾ, ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്.
കേരളവും ഉരുള്‍പൊട്ടലും
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 48 ശതമാനവും മലനാടാണ്. പൊതുവേ 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള ഇടങ്ങളാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഭൗമശാസ്ത്രപഠനകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ കേരളത്തിന്റെ 50 ശതമാനം സ്ഥലങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതമേഖലകളാണ്. ഈ പ്രദേശങ്ങളില്‍ അധിവസിക്കുനന് 35 ശതമാനം ജനങ്ങളുടെയും ജീവനും ഇത് ഭീഷണിയാണ്.
2001 നവംബര്‍ 9-ന് തിരുവനന്തപുരത്തെ അമ്പൂരിയില്‍ ഉണ്ടായ ഉരൂള്പൊട്ടലാണ് കേരളത്തില്‍ അന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലുത്. 2018 ജൂണ്‍- ജൂലായ് മാസങ്ങളില്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്ത് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പശ്ചിമഘട്ടത്തിലെ മുന്നാര്‍ പീഠഭൂമിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പരുക്കന്‍ മലനിരകളുടെ ചരിവുകളിലാണ് അന്ന് മണ്ണിടിച്ചിലിന്റെ ഭൂരിഭാഗവും സംഭവിച്ചത്. ഇവയെ കൂടാതെ കോഴിക്കോട് 27-ും, വയനാട് 8-ും, കണ്ണൂര്‍ ഒന്നുും മണ്ണിടിച്ചില്‍ വീതം സംഭവിച്ചു. കോഴിക്കോട് ജില്ലയിലെ കട്ടിപാറ പഞ്ചായത്തിലെ കരിഞ്ചോള മാല ഉരുള്‍പൊട്ടലില്‍ 14 പേരുടെ ജീവന് നഷ്ടമായി.
2019 ആഗസ്റ്റില്‍ തുടര്‍ച്ചയായ മഴയില്‍ കേരളത്തിലെ വയനാട്ടിലെ പുത്തുമല, ഭൂദാനം, നിലമ്പൂര്‍, മല്ലാപുരം എന്നിവിടങ്ങളില്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായി. വയനാടിലെ പുത്തുമല തുടങ്ങിയിടങ്ങളില്‍ 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മലപ്പുറത്തെ ഭൂദാനം, നീലമ്പൂര്‍ എന്നിവിടങ്ങളില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഏറ്റവും ഒടുവില്‍ നടന്ന ഉരുള്‍പൊട്ടല്‍ ഇടുക്കിയിലെ രാജമലയിലാണ്.
Leave a Reply