ഡിപ്ലാഞ്ചിമുക്കിലെ കൊണോണ

#അഭിജാത് കെ.എ.

ഡിപ്ലാഞ്ചി മുക്കിലെ കപ്ലങ്ങ മരത്തിന്റെ ചോട്ടിൽ ഞങ്ങൾ അഞ്ച് ചങ്ങായിമാർ സൊറ പറഞ്ഞിരിക്കയായിരുന്നു. എന്തായാലും കൂടുന്നതല്ലേ. പരദൂഷണവും ഉണ്ടായിരുന്നു കേട്ടോ (പുരുഷന്മാരും പരദൂഷണം പറയും എന്ന് സാരം).

എല്ലാവരുടെയും മുഖത്തെ രണ്ടു വലിയ ഉണ്ട സാധനം മുൻപ് ഇല്ലാത്ത വിധം തിളങ്ങി മറിഞ്ഞു നിക്കുവാ, ഒരുമാതിരി ഒരു മാതിരിയുള്ള തിളക്കം. കാരണം ഉണ്ടേ ഈ തിളകത്തിന്. ഉള്ളിലെ പ്രക്ഷോഭ വികാസ വികാര വിചാരങ്ങൾ എല്ലാം തന്നെ അക്ഷം വഴി വേണം ലക്ഷ്യം കാണാൻ.നാസിക മുതൽ കീഴ്ത്താടി വരെ മുഖാവരണം ചെയ്യണം എന്നാണല്ലോ സർക്കാരിന്റെ കൽപ്പന. കൽപ്പന പാലിച്ച് കപ്ലങ്ങ ചോട്ടിൽ പൃഷ്ടം പതിപ്പിച്ച് നല്ല അസ്സലായുള്ള വായുംനോട്ടത്തിൽ കണ്ടു, അംഗ കുങ്കിളമായി മുഖാവരണം ധരിച്ചിരിക്കുന്ന മാന്യന്മാരെ. കണ്ടാൽ കൊറോണ ഡിപ്രഷൻ അടിച്ചു ആത്മഹൂതി ചെയ്യും.

ആ നോട്ടത്തിൽ വളരെ നല്ല രീതിയിൽ മുഖാവരണം ധരിച്ച് ശാലീന സുന്ദരിയായ മാതാവിനൊപ്പം വരുന്ന അഞ്ചു വയസ്സുകാരൻ കുഞ്ചൻ. പരിചിതനല്ലേ എന്നുള്ള വെറും മനഃസ്ഥാപത്താൽ
അല്ലാതെ സുന്ദരിയുടെ നോട്ടം കിട്ടാനല്ല കേട്ടോ! ഞാൻ കുഞ്ചന് ഒരു ഹസ്തദാനം നൽകാൻ എന്റെ ബലിഷ്ഠകരം നീട്ടിയതും അവനത്തിൽ കൊറോണ പൂട്ടിട്ടു അതും ഉച്ചത്തിൽ.

ഞാനാകെ ചമ്മി നാറി ചപ്ലി കുപ്ലി പരുവമായി

ചെന്നപോലെ തിരികെ വന്നു പൃഷ്ടം ഒന്നു അമർത്തി ഒരു ഇരുപ്പ് പാസാക്കി ചമ്മൽ ലേശം ഉണ്ടേ. അങ്ങനെ ആ ചമ്മലിൽ നിന്നും മുക്തനാകാൻ അടുത്തുള്ള മില്ലിലെ യന്ത്ര ശീലിനൊപ്പം താളം പിടിച്ചിരിക്കെ പെട്ടെന്ന് അതു സംഭവിച്ചു.

യന്ത്രം യാതൊരു ദയയും കാട്ടാതെ നിഷ്ടൂരമായി പൊടിച്ച മുളക് തന്റെ ഒടുങ്ങാത്ത കോപത്താൽ പുറത്തു വിട്ട അതിഘോര സംഹാര നിഗ്രഹ ഗന്ധം എന്റെ നാസികാ ദ്വാരത്തെ നിഷ്കരുണം പരാജയപ്പെടുത്തിയപ്പോൾ പിടിച്ചു നിർത്താനായില്ല…

ഹാഛീ…..ഡുപ്ലി കുപ്ലി ചന്ഗ്ലി…..( തുമ്മലിൽ ഉണ്ടായ മറ്റു ശബ്ദങ്ങൾ)

എന്റെ ചുറ്റിലും നിന്നവർ എന്നെ നോക്കുന്നതിലും ശരവേഗത്തിൽ. മാതാവിന്റെ കരതലം തട്ടി മാറ്റി കുഞ്ചൻ അവന്റെ ശബ്ദ ഗ്രന്ഥിക്ക് മൂർച്ചകൂട്ടികൊണ്ടു അലറി വിളിച്ചു

” കൊണോണ”

ചുറ്റും നിന്നവരുടെ തിളങ്ങുന്ന കണ്ണുകൾ പെട്ടെന്നു ജ്വലിക്കുന്ന തീഗോളങ്ങളായി ആയിരം ശരം പോലെ എന്നിൽ ആഴ്ന്നിറങ്ങി. അമ്പോ കുമ്പോ പോലെയായ ഞാൻ അന്തമിഹ കുന്തം യതി ഒരു വളിച്ച ചിരി പാസാക്കി.