ട്വിറ്ററില്‍ ഭൂതം

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ട്വിറ്ററില്‍ അംഗങ്ങളായിട്ടുള്ളവരില്‍ ഭൂതപ്രേത പിശാചുക്കളുമുണ്ടോ എന്നു സംശയിക്കുന്നു ചിലര്‍. കഴിഞ്ഞ ആഴ്ച മാന്യന്‍മാരായ പലരും കൂതറകളായി മാറിയതിനു പിന്നില്‍ ഈ ഭുതമാണെന്നാണു കണ്ടെത്തല്‍. യുകെയിലെ കേന്ദ്രമന്ത്രി ഉള്‍പ്പെടെ പ്രസിദ്ധരും പ്രഗല്‍ഭരുമായ പലരും കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തത് അവരുടെ ഫോളോവേഴ്സിനെ ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. ലിംഗവര്‍ധകയന്ത്രത്തിന്റെ പരസ്യവും നാലാം കിട കോള്‍ ഗേള്‍സിന്റെ പ്രലോഭനങ്ങളുമായി മാന്യന്‍മാര്‍ ട്വിറ്ററില്‍ വിലസിയപ്പോള്‍ ആയിരക്കണിനു ഫോളോവേഴ്സ് അമ്പരന്നു ചേട്ടനിതെന്തു പറ്റി ?

അല്ല, തനിക്കെന്തു പറ്റി ? തന്റെ ട്വീറ്റുകളൊക്കെ ഈയിടെയായി മഹാതറയാണല്ലോ എന്നു ചേട്ടന്‍ തിരിച്ചു ചോദിക്കുമ്പോഴാണ് ചേട്ടനും അനിയനും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്. ഇന്റര്‍നെറ്റ് ഫിഷിങ് എന്നറിയപ്പെടുന്ന പാസ്വേര്‍ഡ് മോഷണ ആക്രമണത്തില്‍ ട്വിറ്ററിന്റെ സുരക്ഷ കാറ്റില്‍പ്പറന്നു. ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ അക്കൌണ്ടുകള്‍ ഹാക്കിങ്ങിനിരയായി. അശ്ളീല, സംബന്ധ ട്വീറ്റുകള്‍ വഴി പ്രമുഖ ട്വീറ്റര്‍മാര്‍ പോലും നാണം കെട്ടു.

കേരളത്തില്‍ നിന്നുള്ള ട്വീറ്റര്‍മാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ദിസ് യു ട്വിറ്റര്‍ അക്രമണത്തില്‍ ആയിരക്കണക്കിനു പേര്‍ കുടുങ്ങി. ദിസ് യു എന്ന ചോദ്യവുമായി ഉപയോക്താക്കളുടെ ഇന്‍ബോക്സിലേക്കു മുമ്പ് ഹാക്കിങ്ങിനിരയായ ഏതെങ്കിലും അക്കൌണ്ടില്‍ നിന്ന് ഡയറക്ട് മെസേജ് വഴിയായിരുന്നു ആക്രമണം. തന്നെക്കുറിച്ചുള്ള ഏതോ ലിങ്ക് ആണെന്നു കരുതി അതില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ഒരു വ്യാജ ട്വിറ്റര്‍ ലോഗിന്‍ പേജിലേക്ക് എത്തും. മികച്ച ആന്റിവൈറസ് സോഫ്റ്റ്വെയര്‍ ഉള്ള കംപ്യൂട്ടറുകള്‍ ആ പേജിനെപ്പറ്റി മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ പരിചിതമായ പേജിനെ ഭയപ്പെടേണ്ടതില്ല എന്നു കരുതി മിക്കവാറും ആളുകളും ലോഗിന്‍ ചെയ്യുകയായിരുന്നു.

അതോടെ നിങ്ങളുടെ പാസ്വേഡ് തട്ടിപ്പുകാരുടെ കയ്യിലെത്തുന്നു. പിന്നെ, നിങ്ങളുടെ അക്കൌണ്ടും തട്ടിപ്പുകാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങും. വിചിത്രമായ മെസേജുകളും ട്വീറ്റുകളും കണ്ട് നിങ്ങളുടെ ഫോളോവര്‍മാര്‍ പ്രതികരിക്കുമ്പോഴേ തട്ടിപ്പിനിരയായ വിവരം നിങ്ങളറിയൂ. മിക്കവാറും ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ അക്കൌണ്ട് തട്ടിപ്പിനിരയായതായി ട്വിറ്റര്‍ ടീം തന്നെ സന്ദേശമയച്ചിരുന്നു. എത്രയും വേഗം പാസ്വേഡ് മാറ്റുക എന്നതാണ് ഇതില്‍ നിന്നു രക്ഷപെടാനുള്ള ഏക പോംവഴി. തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ ലോഗിന്‍ ആവശ്യമായ ഒരു ലിങ്കുകളെയും പിന്‍തുടരില്ല എന്നു സ്വയം ഉറപ്പിക്കുക. ട്വിറ്ററില്‍ ഉപയോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന ലിങ്കുകളില്‍ ലോഗിന്‍ ആവശ്യമായ പേജുകളില്‍ പ്രവേശിക്കാതിരിക്കുക എന്നത് അടിസ്ഥാനപരമായ മുന്‍കരുതലാണ്.

വളരെ പരിചിതമായ ട്വീറ്റര്‍മാരുടെ അക്കൌണ്ടുകളില്‍ നിന്ന് ഡയറക്ട് മെസേജ് ആയാണ് സന്ദേശങ്ങള്‍ ലിങ്കുകളോടൊപ്പം പ്രചരിപ്പിക്കപ്പെട്ടത്. ഓരോരുത്തര്‍ക്കും അവരുടെ ഫോളോവേഴ്സില്‍ നിന്നുള്ളവരുടെ സന്ദേശങ്ങളായിരുന്നു എന്നതിനാല്‍ ചതിയില്‍ എല്ലാവരും കുടുങ്ങി. തട്ടിപ്പിനിരയായവരുടെ അക്കൌണ്ടുകളില്‍ നിന്നു സമാനമായ സന്ദേശങ്ങള്‍ അവരുടെ ഫോളോവേഴ്സിനും ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെ ഹോളിവുഡ് ഹൊറര്‍ പടങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഇരകളായവര്‍ അടുത്ത നിമിഷം തന്നെ വേട്ടക്കാരായതോടെ തട്ടിപ്പ് ‘വന്‍വിജയ’മാവുകയും ചെയ്തു. ഹാക്കിങ് തൊഴിലാളികള്‍ വ്യക്തിഗത സൈറ്റുകള്‍ വിട്ട് കോടിക്കണക്കിനാളുകളുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനാല്‍ സൈറ്റ് അഡ്മിനിസ്ട്രേറ്റര്‍മാരെന്നന്നപോലെ ഉപയോക്താക്കളും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചേ മതിയാവൂ.


Comments

Leave a Reply

Your email address will not be published. Required fields are marked *