മാറ്റത്തിന്റെ കാറ്റ്

മികച്ച സംവിധായകര്‍ നല്ല തിരക്കഥാകൃത്തുക്കള്‍ കൂടിയാണെങ്കിലേ ഇനിയുള്ള കാലത്ത് പിടിച്ചു നില്‍ക്കാനാവൂ എന്നാണു ചില സിനിമക്കാര്‍ പറയുന്നത്. പുതിയ കാലത്തിന്റെ സ്പെഷലൈസേഷന്‍ ഒരു വഴിക്കു നീങ്ങുമ്പോഴും സര്‍ഗാത്മകതയില്‍ സെന്‍ട്രലൈസേഷനാണ് പ്രസക്തി എന്നാണ് സൂചന. ഇതിന്റെ മറ്റൊരു തെളിവാണു കഴിഞ്ഞ ദിവസം അവസാനിച്ച ലോക മൊബൈല്‍ ഫോണ്‍ വ്യവസായത്തിന്റെ ആസ്ഥാനകലയായ ലോക മൊബൈല്‍ കോണ്‍ഗ്രസ്. ഹാന്‍ഡ് സെറ്റ് നോക്കിയയുടെയും ഒഎസ് സിംബിയന്റെയുമായിരുന്നു ഒരു കാലത്ത്. ഇപ്പോള്‍ നോക്കിയയുടെ ഫോണിന് നോക്കിയ തന്നെ ഒഎസ് ചമയ്ക്കുന്നു. എല്ലാം ഭദ്രം. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, സാംസങ് വമ്പന്‍മാരെല്ലാം ഈ മൊബൈല്‍ വര്‍ഷം സ്വന്തം കാലില്‍ നില്‍ക്കുകയാണ്. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഫോണിന്റെ തിരക്കഥ എന്നു വിശേഷിപ്പിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) കൂടി നിര്‍മിക്കുന്ന കാഴ്ചയാണ് ഈ വര്‍ഷം ലോകവിപണിയില്‍ കാണാന്‍ പോകുന്നത്.

ഒരു മൊബൈല്‍ വര്‍ഷം എന്നു പറഞ്ഞാല്‍ ഒരു ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ നിന്ന് അടുത്ത ലോക മൊബൈല്‍ കോണ്‍ഗ്രസിലേക്കുള്ള ദൂരമാണ്. ഫെബ്രുവരി 15ന് ആരംഭിച്ച ഈ വര്‍ഷത്തെ മൊബൈല്‍ കോണ്‍ഗ്രസ് മൊബൈല്‍ ഫോണ്‍ ലോകവിപണിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ ട്രെയിലര്‍ മാത്രമാണ്. കോണ്‍ഗ്രസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും അവിടെ കണ്ട പല വിസ്മയങ്ങളും യാഥാര്‍ഥ്യമായിരിക്കും. മൊബൈല്‍ ഫോണ്‍ വ്യവസായത്തിലെ പുതിയ നേര്‍ക്കാഴ്ചകളുമായി സ്പെയിനിലെ ബാര്‍സലോനയില്‍ കൊടിയിറങ്ങിയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2010 ഈ വര്‍ഷം മല്‍സരം നടക്കാന്‍ പോകുന്നത് മൊബൈല്‍ ഫോണ്‍ ഓപറേറ്റിങ് സിസ്റ്റങ്ങളുടെ (ഒഎസ്) കാര്യത്തിലും സ്മാര്‍ട് ഫോണ്‍ വിപണിയിലുമാണെന്ന സൂചനയാണുനല്‍കുന്നത്. ലോകവിപണിയിലൈ മുമ്പനായ നോക്കിയയുടെ പവിലിയന്‍ ദുര്‍ബലമായിരുന്നെങ്കിലും പുതിയ ഒഎസ് അവതരിപ്പിച്ച് നോക്കിയ കയ്യടി നേടി. ലിനക്സ് അധിഷ്ഠിതമായ സ്മാര്‍ട് ഫോണുകള്‍ക്കായുള്ള മീഗോ എന്ന ഒഎസ് ആയിരുന്നു നോക്കിയയുടെ ആകര്‍ഷണം. നോക്കിയയുടെ തന്നെ പഴയ ഒഎസ് ആയ മീമോയും ഇന്റലിന്റെ മൊബ്ലിനും ഒന്നിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മീഗോ ശ്രദ്ധ നേടിയത്. പക്ഷേ, പലരും പ്രതീക്ഷിച്ചതു പോലെ ഒരു ‘തകര്‍പ്പന്‍’ സ്മാര്‍ട് ഫോണ്‍ കാഴ്ച വയ്ക്കാന്‍ നോക്കിയയ്ക്കു കഴിഞ്ഞില്ല.

മീഗോയെ സംബന്ധിച്ച് കൂടുതല്‍ വിശദമായ ഒരവതരണം നല്‍കാന്‍ നോക്കിയയ്ക്കു കഴിഞ്ഞില്ല പക്ഷേ, മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ മൊബൈല്‍ ഒഎസ് ആയ വിന്‍ഡോസ് 7 അവതരിപ്പിച്ച് ഈ വര്‍ഷത്തെ കോണ്‍ഗ്രസിലെ പ്രധാന ആകര്‍ഷണമായി. വിന്‍ഡോസ് മൊബൈല്‍ 6ല്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ വിന്‍ഡോസ് മൊബൈല്‍ 7 പക്ഷേ, മുന്‍ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന പല പ്രോഗ്രാമുകളും സ്വീകരിക്കുകയില്ല എന്നാണ് വിമര്‍ശകരുടെ നിരീക്ഷണം. ആപ്പിള്‍ ഐഫോണ്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ളാറ്റ്ഫോമുകള്‍ വിന്‍ഡോസ് മൊബൈല്‍ ഒഎസിനു കടുത്ത മല്‍സരമാണ് ഉയര്‍ത്തിയിരുന്നത്. ടച്ച് സ്ക്രീന്‍ ഫോണുകളുടെ വരവും ഒഎസിന്റെ അവതരണത്തിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ വരുത്തി. ഇവയെല്ലാം ഉള്‍ക്കൊണ്ട് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്ന വിന്‍ഡോസ് മൊബൈല്‍ 7 മുന്‍ വേര്‍ഷനുകളുടെ തകരാറുകള്‍ ഒന്നുമില്ലാത്തവയാണെന്നു പറയുന്നു. നോക്കിയയ്ക്കും മൈക്രോസോഫ്റ്റിനും പുറമെ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കള്‍ കൂടിയായ സാംസങ് അവതരിപ്പിച്ച ബാഡ ഓപ്പറേറ്റിങ് സിസ്റ്റവും ശ്രദ്ധ നേടി. ബാഡ ഒഎസ് ആയുള്ള ആദ്യ ഫോണ്‍ സാംസങ് എസ് 8500 വേവ് പ്രശംസ പിടിച്ചു പറ്റി. ഒരേ സമയം ഒന്നിലേറെ പ്രോഗ്രാമുകള്‍ മികച്ച വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ബാഡയുടെ പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കുന്നത്.

ഗൂഗിള്‍, മൈക്രോസ്ഫ്റ്റ് സിഇഒമാരുടെ സാന്നിധ്യം ഐടി വമ്പന്‍മാര്‍ മൊബൈല്‍ ഫോണ്‍ വിപണിയെ എത്ര ഗൌരവത്തോടെയാണു കാണുന്നതെന്നതിന്റെ തെളിവായി. ഗൂഗിള്‍ ഈ വര്‍ഷം ശ്രദ്ധ നല്‍കുന്നത് മൊബൈല്‍ സേവനങ്ങള്‍ക്കാണെന്നു സൂചിപ്പിച്ച കമ്പനി സിഇഒ ഇന്റര്‍നെറ്റ് വിപണിയില്‍ ശ്രദ്ധ നേടിയ കമ്പനികളൊക്കെ പുതിയ സാധ്യത മൊബൈല്‍ ഫോണ്‍ വിപണിയിലാണെന്നും വ്യക്തമാക്കി. ഗൂഗിളിന്റെ ഉപയോക്താക്കള്‍ പലരും ഗൂഗിള്‍ സേര്‍ച്ച് ഇപ്പോള്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകളില്‍ നിന്നാണ്. ഇത് ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഡെസ്ക്ടോപ്പുകളെക്കാള്‍ പ്രിയമേറുന്നത് മൊബൈല്‍ ഫോണുകള്‍ക്കാണെന്നതിനു തെളിവാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസ് ഉള്ള ഫോണുകള്‍ ലോകമെമ്പാടും ദിവസം 60,000 എണ്ണം വീതമാണ് വിറ്റുപോകുന്നത്.

നോക്കിയ നിരാശപ്പെടുത്തിയെങ്കിലും സ്മാര്‍ട് ഫോണ്‍ ശ്രേണിയിലേക്കു പുതിയ ചില മോഡലുകള്‍ അവതരിപ്പിക്കപ്പെട്ടു. എച്ച്ടിസിയുടെ ലെജന്‍ഡ്, ഡിസയര്‍ (ആന്‍ഡ്രോയ്ഡ്), എച്ച്ഡി മിനി (വിന്‍ഡോസ് മൊബൈല്‍ 6.5), മോട്ടോറോളയുടെ മോട്ടോബ്ളര്‍ (ആന്‍ഡ്രോയ്ഡ്), സോണി എറിക്സന്റെ എക്പേരിയ എക്സ് 10 മിനി, എക്സ് 10 മിനി പ്രോ (രണ്ടും ആന്‍ഡ്രോയ്ഡ്), വിവാസ് പ്രോ (സിംബിയന്‍) തുടങ്ങിയവയാണ് ഈ വര്‍ഷം വിപണിയില്‍ വിസ്മയം തീര്‍ക്കാന്‍ പോകുന്ന മോഡലുകള്‍. ഇവയില്‍ ഏറ്റവും ശ്രദ്ധ നേടിയത് ബാഡയില്‍ അധിഷ്ഠിതമായ സാംസങ് വേവ് തന്നെ. സാംസങ് വേവ്, എച്ച്ടിസി ഡിസയര്‍ മോഡലുകള്‍ 1 ജിഗാഹെര്‍ട്സ് പ്രൊസെസറില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നതാണു മറ്റൊരു സവിശേഷത. ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കപ്പെട്ടെങ്കിലും 4ജി ടെക്നോളജി മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രധാന ചര്‍ച്ചയായില്ല. കഴിഞ്ഞ വര്‍ഷം പങ്കാളിത്തം അല്‍പം കുറഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ 200 രാജ്യങ്ങളില്‍ നിന്നായി 49,000 പേരാണു പങ്കെടുത്തത്.


Comments

Leave a Reply

Your email address will not be published. Required fields are marked *