All Blogs

ഇടുക്കിയിലെ വേനലവധിയും – കപ്പവാട്ടും

ഇടുക്കിയിലെ വേനലവധിയും – കപ്പവാട്ടും

കപ്പവാട്ടിനെക്കുറിച്ചു അറിയാത്തവരോട് ,
ഞങ്ങളീ ഹൈറേഞ്ചു കാരുടെ പ്രധാന കൃഷികളിലൊന്നാണ് കപ്പ . മഴക്കാലം പട്ടിണിക്കാലം ആണെന്നറിയാവുന്ന പൂർവ്വികർ കണ്ടുപിടിച്ച മാരക ഐഡിയ യാണ് ,ആവിശ്യം കഴിഞ്ഞു മിച്ചം വരുന്ന കപ്പ വാട്ടി ഉണക്കി സൂക്ഷിക്കുക എന്നത് . അപ്പൊ അതിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് .
***
മാർച്ചിൽ നടക്കുന്ന വല്യപരീക്ഷ കാരണം പഠന കാലത്തൊന്നും മനസ്സമാധാനത്തോടെ എന്റെ പിറന്നാൾ ആഘോഷിക്കാൻ പറ്റിയിട്ടില്ല. മാർച്ച് 16 നാണു പിറവി . ആകപ്പാടെയുള്ള ഒരു മനസ്സമാധാനം ഉള്ളത് , 2 മാസത്തേക്ക് സ്കൂൾ അടക്കാൻ പോകുവാണെന്നുള്ളതാണ്. . .. .
സ്കൂളിൽ പോകണ്ട എന്നൊരു ഒറ്റ ലാഭമേ ഉള്ളു . ബാക്കിയൊക്കെ വൻ നഷ്ട്ടങ്ങളാണ് .

കുരുമുളക് പറിക്കണം
കാപ്പിക്കുരു ഉണക്കണം
വാളൻപുളി പറിച്ചു കുരു കളഞ്ഞു ഉണക്കണം

അങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു നഷ്ടങ്ങളുടെ ലിസ്റ്റ് .സാധരണ ചെയ്യാറുള്ള പണികൾ സൈഡിൽ വേറെ കിടക്കുന്നു ആർക്കും വേണ്ടാതെ . . . അതും ചെയ്യണം

പിന്നെയുള്ളത് കപ്പവാട്ടാണ്, വീട്ടിലെ പറമ്പ് കപ്പ നടാൻ പാട്ടത്തിന് കൊടുക്കാറുണ്ട്.

കപ്പവാട്ട് , ഒന്ന് , രണ്ടു ദിവസത്തെ പണിയാണ് , 10-30 പേരൊക്കെ ഉണ്ടാകും .പിള്ളേര് സെറ്റ് വേറെ .. . അയൽവക്കതുള്ളോരും , അടുത്തുള്ള ബന്ധുക്കളും ഒക്കെയുണ്ടാകും കപ്പ വാട്ടാൻ .

അതിരാവിലെ വെയില് വീഴുന്നതിനു മുന്നേ പറമ്പിലേക്കിറങ്ങും , അച്ഛൻ . കൂടെ പാട്ടത്തിനു കപ്പ നട്ടിരിക്കുന്ന അച്ഛന്റെ കൂട്ടുകാർ ചേട്ടന്മാരും അവരുടെ ഭാര്യമാരും . അമ്മയും ചേച്ചിയും പതിവുപോലെ അടുക്കളയിൽ ( 2 അനുജത്തിമാർ കൂടെയുണ്ട് എനിക്ക് അവർ തീരെ ചെറുതാണ്, കുറെ നേരം കരയുക എന്നല്ലാതെ വലിയ റോളൊന്നുമില്ല അവർക്ക്അപ്പൊ അവരും വീട്ടിൽ തന്നെ .)

ചേച്ചിമാരുടെ പണിയാണ് കപ്പയുടെ തണ്ട് വെട്ടി കപ്പ പറിക്കാൻ റെഡി ആക്കുക എന്നത് . രണ്ടു കൈകൊണ്ടും പിടിച്ചു വലിച്ചു പറിച്ചു എടുക്കാൻ പാകത്തിനുള്ള തണ്ടു നിർത്തി ,ബാക്കി യുള്ള തണ്ടു മുറിച്ചു ഇലകോതി ഒരിടത്തു കൂട്ടി വയ്ക്കണം . അടുത്ത വർഷം കപ്പ നടനായി അതിൽ നിന്നും നല്ല തണ്ടു നോക്കി എടുക്കും .

മണ്ണൊക്കെ മഴയും വെയിലും കൊണ്ട് പാറപോലെ ഉറച്ചു കിടക്കുന്നുണ്ടാവും . കപ്പ പറിച്ചെടുക്കുക എന്നത് ഇച്ചിരി കഷ്ടപ്പാടുള്ള പണിയാണ് . അച്ഛനും കൂട്ടരും ചിലതൊക്കെ ഈസി ആയി പറിച്ചെടുക്കും നാരു പോലെയുള്ള കപ്പയാവും അതൊക്കെ . ചിലതൊക്കെ തൂമ്പ കൊണ്ട് മണ്ണ് മാറ്റിയാലും രണ്ടു പേര് കൂടി പിഴുതെടുക്കേണ്ടി വരും . കൈത്തണ്ടയുടെ വണ്ണവും നീളവുമുള്ള 8ഉം 10 കിഴങ്ങൊക്കെ ഉണ്ടാകും അതിൽ .. . .

അച്ഛനൊക്കെ വെട്ടിയിടുന്ന കപ്പ വല്ലത്തിൽ (വലിയ കുട്ട) നിറക്കലാണ് പിള്ളേർക്കുള്ള പണി . ഓരോ വല്ലവും നിറഞ്ഞു കഴിയുമ്പോൾ അത് ചുമന്നു ഏതെങ്കിലും പരന്ന ,തണലുള്ള സ്ഥലത്തു കൊണ്ടുപോയി കൂട്ടിയിടും . ഇവടെയിരുന്നാണ് ബാക്കി പരിപാടികൾ ചെയ്യുന്നത് .
കപ്പ പറിച്ചു ഏകദേശം പകുതിയാകുമ്പോഴേക്കും അമ്മയും കൂട്ടരും രാവിലത്തെ കാപ്പിയുമായി (ബ്രേക്ഫാസ്റ്റ്) പറമ്പിലേക്ക് കയറിവരും .
ചെണ്ടമുറിയൻ കപ്പയും , കാന്താരി ഉടച്ചതും ,ഉണക്കമീൻ വറുത്തതും കട്ടൻ ചായയുമാവും കാപ്പിക്ക് .
അമ്മയുടെ തല കാണുന്നതേ , ഓരോ തേക്കിലയും പൊട്ടിച്ചു , അടുത്ത് കാണുന്ന മരത്തണലിൽ ഇരുപ്പുറപ്പിക്കും ഞങ്ങൾ പിള്ളേർ.

അച്ഛന്മാരൊക്കെ തോർത്തെടുത്തു വിയർപ്പു തുടച്ചു ,കയ്യും മുഖവും കഴുകി തണല് നോക്കി ഇരിക്കും .

ഭർത്താക്കൻ മാരുടെ രീതികൾ അറിയാവുന്ന അമ്മമാർ ഓരോരുത്തർക്കും ഇഷ്ടാനുസരണം വിളമ്പിക്കൊടുക്കുo . കട്ടൻ മധുരമിട്ടത് , ഇടാത്തത് അങ്ങിനെ . . .

ഇനിയാണ് ഞങ്ങളുടെ ഊഴം . ഈരണ്ടു കപ്പ കഷ്ണം വീതം തരും ആദ്യം . കഴിച്ചു കഴിഞ്ഞാൽ പിന്നെയും കിട്ടും കളയാൻ സമ്മതിക്കില്ല . മീൻ ഉണ്ടെങ്കിൽ കിട്ടും അല്ലെങ്കിൽ അടിയിലുള്ള മുളക്പൊടി പുരണ്ട എണ്ണയിൽ അഡ്ജസ്റ്റ് ചെയ്യും.

നല്ല പച്ചയും പഴുപ്പും ചേർന്ന കാന്താരിo, ഉളളിo കല്ലിലിടിച്ചു, ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ചാലിച്ചതിൽ മുക്കി തിന്നുമ്പോൾ എരുവ് കൊണ്ട് കണ്ണ് നിറയും . ചൂട് കട്ടനും കൂടി അയാൽ . . . .

കാപ്പികുടി കഴിഞ്ഞു വിശ്രമിക്കാനുള്ള സമയമൊന്നുമില്ല . ഒരു ബീഡി വലിച്ചു തീരുന്ന സമയം കഷ്ടി . ഈ സമയം കൊണ്ട് കപ്പക്കുരു കൊണ്ട് പമ്പരം ഉണ്ടക്കലാവും ഞങ്ങടെ പണി .

കപ്പ പറിച്ചു തീരുമ്പോൾ ഏകദേശം ഉച്ച കഴിയും .വീട്ടിൽ പോയിട്ടാണ് ഉച്ചയൂണ് . ചോറും മീൻകറിയും , ഒരു തോരനും അച്ചാറും കാണും സാധാരണ . പപ്പടം കൂടെ ഉണ്ടെങ്കിൽ ലാഭിഷായി .

ഉച്ചയൂണ് കഴിഞ്ഞു അച്ഛനൊന്നു മയങ്ങും . ചിലർ പേപ്പർ വായിക്കും . അമ്മമാർ വീട്ടിൽ പോകും പശുവിനെ കറക്കാനും , മറ്റുമായി . എല്ലാരും 5 മണിയോട് കൂടി തിരിച്ചെത്തും . ഇതിനിടയിൽ അച്ഛൻ ഉറക്കം.കഴിഞ്ഞു കവലയിൽ പോയി വന്നിട്ടുണ്ടാകും .

വെയില് ചാഞ്ഞു തുടങ്ങിയിട്ടുണ്ടാവും . ഓരോരുത്തരായി എത്തിത്തുടങ്ങും . ഇനിയാണ് ആളുകൾ കൂടുതൽ വേണ്ടത് .

വരുന്നവർ ചിലർ 2,3 കത്തികൾ കൊണ്ടുവരും . ചിലർ പെട്രോൾമാക്സ് , ചിലർ കുട്ട, മുറം , അങ്ങിനെ ഓരോന്ന് .
6 മണിയൊക്കെ ആകുന്നതോടെ കപ്പ പൊളിക്കാൻ തുടങ്ങും (തോല് കളയാൻ ) ,അതാണ് ഏറ്റവും ആള് വേണ്ട ജോലി .

എല്ലാവരും കൂടി ആദ്യം കുറെ അധികം കപ്പ പൊളിച്ചിടും . എന്നിട്ടേ അരിയാൻ തുടങ്ങൂ .
ആളിന്റെ എണ്ണം കൂടുന്നതനുസരിച്ചു ഞങളെ ഓരോ വീടുകളിൽ കൂടി ഓടിക്കും കത്തി വാങ്ങിക്കാൻ .

ഏകദേശം ആളുകളൊക്കെ എത്തിത്തുടങ്ങി എന്ന് കണ്ടാൽ അമ്മമാർ അടുത്ത പണി തുടങ്ങും . ഏഷ്യാഡ്‌ (എല്ലും കപ്പയും) ഉണ്ടാക്കാൻ . തോലുകളയുന്നിതിടയിൽ കൈപ്പില്ലാത്ത കപ്പ നോക്കി മാറ്റിവച്ചത് എടുത്തു വേവിക്കാനായി ഒരു അടുപ്പിൽ വയ്ക്കും . എല്ലു വേവിക്കാനായി വേറൊരു അടുപ്പിലും .

എല്ലും കപ്പയും വെന്തു തുടങ്ങിയാൽ അച്ഛന്മാരും ചേട്ടന്മാരും ചെറുതായി ” സേവ “തുടങ്ങും . നല്ല നാടൻ പനങ്കള്ള് . അതൊക്കെ നേരെത്തെ സ്റ്റോക്ക് ചെയ്തിട്ടുണ്ടാവും . എവിടെ ഇതൊക്കെ ഒളിപ്പിച്ചു വയ്ക്കുന്നു എന്ന് തമ്പുരാനറിയാം .

ആ നാട്ടിൽ നടക്കുന്നത് മാത്രമല്ല അന്യനാട്ടിൽ നടക്കുന്ന വിഷയങ്ങളൊക്കെ അവിടെ സംസാര വിഷയമാകും . പ്രേമം, ഒളിച്ചോട്ടം , രാഷ്രീയം എന്നുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ടാകും . ഇതിനിടയിൽ പാടനറിയാവുന്ന നാടൻ പാട്ട് . അതേറ്റു പാട്ട് . കുട്ടികളുടെ കോപ്രായം . അങ്ങനെ മൊത്തത്തിൽ പറഞ്ഞാൽ ഉറക്കം വരാതിരിക്കാൻ . ഫുൾ എനെർജിയിൽ നിർത്തും എല്ലാവരേം .

ഏഷ്യാഡ്‌ റെഡിയായിക്കഴിഞ്ഞാൽ പിന്നെ ഒരു മണിക്കൂർ അങ്ങിനെ പോകും ,തീറ്റയും ,കുടിയും ചിരിയും വിശേഷം പറച്ചിലൊക്കെയായി സമയം പോകുന്നതറിയില്ല .

ഏകദേശം നേരം വെളുക്കാറായി എന്ന് കണ്ടാൽ കുറച്ചു പേർ കപ്പ വാട്ടാനായി മാറും . വലിയ.ചെമ്പിൽ വെള്ളം നിറച്ചു അടുപ്പിൽ തീ കൂട്ടും .

നേരം പുലർന്നു വരുമ്പോഴേക്കും മുഴുവൻ കപ്പയും വാട്ടി തീർന്നിട്ടുണ്ടാവും . ചിലർ അവരവരുടെ വീടുകളിലേക്ക് പോയിട്ടുണ്ടാവും .

നേരം നന്നായി വെളുത്തു കഴിഞ്ഞിട്ട് വേണം നിരപ്പായ പാറകൾ അടിച്ചു വാരി കപ്പ അതിൽ നിരത്തി ഉണക്കിയെടുക്കാൻ .

പിന്നെയുള്ള അഞ്ചാറ് ദിവസം മഴ പെയ്യല്ലേ എന്ന പ്രാര്ത്ഥനയും.

(ഈ കലാരൂപം നാട്ടിൽ ഇന്നും കണ്ടുവരുന്നു എന്നതാണ് ഏറ്റവും സന്തോഷം )

ഫോട്ടോസ് (ഗൂഗിളിൽ നിന്നും എടുത്തത്)

അനുശ്രീ .

 

T-Bone

Share
Published by
T-Bone

Recent Posts

[Updated] New Kerala PSC WhatsApp Groups Link For LDC, LGS, HSA, Degree Level Exam

Latest Kerala PSC WhatsApp Groups Links are here: We have collected many WhatsApp link that…

4 years ago

കേരള പി.എസ്.സി.: 31 തസ്തികകളിലേക്കുള്ള അപേക്ഷ, അവസാന തീയതി ഒക്ടോബര്‍ 21

കേരള പി.എസ്.സി 31 തസ്തികളിലേക്ക് നടത്തുന്ന പരീക്ഷയ്ക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍, കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള സ്‌റ്റേഷന്‍ ഓഫീസര്‍…

4 years ago

100 Current Affairs Question: September 2020

Which state assembly has passed a resolution to bring the state under the Sixth Schedule…

4 years ago

മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി

അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്.…

4 years ago

പൂവുകളാൽ ഹൃദയം മുറിഞ്ഞ ഒരുവനെ നിങ്ങളറിയുമോ?

പൂവുകളാൽഹൃദയം മുറിഞ്ഞഒരുവനെനിങ്ങളറിയുമോ ? സെമിത്തേരിയിൽ,അമ്മയുടെ കല്ലറയ്ക്കു മുകളിലെപൂക്കളെ നോക്കിഅവൻ ഇരിപ്പുണ്ട്. പ്രണയം പറഞ്ഞൊപ്പിക്കാനെടുത്ത പൂവ്,തിരികെ മുഖത്തെറിയപ്പെട്ടപ്പോൾ,താഴെ വീണപ്പോൾ,അവനെ കണ്ടിട്ടുണ്ട്. പൂവുകളാൽ…

4 years ago

‘നേടിയതിൽ നിങ്ങൾ അഭിമാനിക്കണം’ ധോണിയുടെ വിടവാങ്ങലിന് പുറകേ സാക്ഷിയുടെ പോസ്റ്റ്

ധോണിയുെവിടവാങ്ങൽ പ്രഖ്യാപനത്തെടുർന്ന ആരാധകർക്കിടയിൽ അമ്പരപ്പും ദുഖവും നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയത്. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ:…

4 years ago