സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)

മുല്ലപ്പെരിയാറിലെ വെള്ളം പോലെയാണ് എന്റെ ബ്ളോഗ് പോസ്റ്റുകള്‍ എന്നു സൂര്യ ടിവി വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മലയാളികളുടേതായ എല്ലാം ആവശ്യാനുസരണം ഉപയോഗിക്കാം എന്നു വിശ്വസിച്ചുപോയിട്ടുണ്ടണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ ചാനലിന്റെ മുതലാളിമാരെയോ തൊഴിലാളികളെയോ ഒന്നും കറുത്തു തടിച്ച തമിഴന്‍മാരെന്നു വിളിച്ചാക്ഷേപിക്കാനോ എനിക്കുദ്ദേശവുമില്ല. കാരണം, ഞാന്‍ വളരെ ഡീസന്റായിപ്പോയി. ഇനിയിപ്പോള്‍ എന്റെ ബ്ളോഗിലെ പോസ്റ്റുകള്‍ തോന്നിയതുപോലെ ഉപയോഗിക്കാന്‍ 999 വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചെന്നും പറഞ്ഞ് വന്നേക്കരുത്. സൂര്യ ടിവി പോലെ ഒരു തരംതാണ പ്രസ്ഥാനമല്ല ബെര്‍ളിത്തരങ്ങള്‍.

ഞാനതല്ല ആലോചിക്കുന്നത്, തെണ്ടി, ചെറ്റ, കൂതറ, നാറി, അലവലാതി എന്നൊക്കെ ഇക്കണ്ട മലയാളികളൊക്കെ വിശേഷിപ്പിക്കുന്ന എന്റെ ബ്ളോഗില്‍ നിന്നു പോസ്റ്റ് മോഷ്ടിച്ച് പ്രോഗ്രാം ഉണ്ടാക്കി അവതരിപ്പിക്കണമെങ്കില്‍ സൂര്യ ടിവി എത്ര ഗതികെട്ടിരിക്കും. എന്തീനീ മോഷണം ? ഒരു വാക്കുരിയാടിയിരുന്നെങ്കില്‍, ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നല്ലോ. ഇതുവരെ എന്നോടു ചോദിച്ച എല്ലാവര്‍ക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. പ്രതിഫലമായി ‘തമാശ’ മാസിക അയച്ചു തന്നിട്ടുള്ള ചെക്കുകള്‍ മാത്രമേ ഞാന്‍ കൈപ്പറ്റിയിട്ടുള്ളൂ. മലയാളത്തിലെ മാധ്യമകുലപതികള്‍ പലരും എന്റെ പോസ്റ്റുകള്‍ അച്ചടിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അഞ്ചു പൈസ ആരും തന്നിട്ടില്ല. പാവങ്ങള്‍, അത്താഴപ്പട്ടിണിക്കാരയ മുതലാളിമാരോട് ഞാന്‍ വിലപേശാന്‍ പോയിട്ടില്ല. ഇനിയിപ്പോള്‍ ഈ പറഞ്ഞ സൂര്യാ ടിവിക്കാണെങ്കിലും ഞാന്‍ ചുമ്മാ കൊടുത്തേനെ.

ഏതാണ് എന്താണ് എന്നു പിടികിട്ടാത്തവര്‍ക്കു വേണ്ടി പറയാം. സൂര്യ ടിവി എന്നു പറയുന്ന മലയാളം ചാനല്‍ (ഞാനീവക ചവറുകളൊന്നും കാണാറില്ല) അവരുടെ രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയില്‍ ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന എന്റെ ബ്ളോഗ്പോസ്റ്റ് സ്കിറ്റ് പരുവത്തില്‍ ഷൂട്ട് ചെയ്ത് അവരിപ്പിച്ചു കളഞ്ഞു. സംഗതി സംപ്രേഷണം ചെയ്തു കഴിഞ്ഞ നിലയ്ക്ക് ഇനി മണാ കുണാ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഇനിയിപ്പോള്‍, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു, ആരോ ഫോര്‍വേഡ് ചെയ്തു തന്നതാ തുടങ്ങിയ ന്യായങ്ങള്‍ പറയുകയോ അതല്ല, മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ മലയാളം ബ്ളോഗുകളിലെ ഉള്ളടക്കവും ഞങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്നറിഞ്ഞിട്ടെടുത്തതാണെന്നു പറയുകയോ എന്തു ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞു. എന്റെ സര്‍ഗചേതന വീണ്ടും മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു.

സൂര്യ ടിവിയോട് ഞാന്‍ ഒരു പ്രതിഷേധവും അറിയിക്കുന്നില്ല. എനിക്കു പ്രതിഷേധം ഇല്ല. ആളുകള്‍ക്ക് വായിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് ബ്ളോഗില്‍ ഞാന്‍ പലതും എഴുതുന്നത്. അത് മോഷ്ടിച്ചെടുക്കുന്നത് കുറ്റകൃത്യമാണ്. ഇനിയിപ്പോള്‍ മോഷണം നടത്തിയിട്ടില്ല എന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെങ്കില്‍ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ എനിക്കു നല്‍കുകയും രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയുടെ ഈ മോഷണം നടന്നിട്ടുള്ള എപ്പിസോഡിന്റെ പുനഃസംപ്രേഷണം നടത്താതിരിക്കുകയും അടുത്ത എപ്പിസോഡില്‍ എന്നോട് ആത്മര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ചെയ്യാവുന്നതാണ്. അത്രയൊക്കെ ചെയ്യാനുള്ള അന്തസ്സും പാരമ്പര്യവും സംസ്കാരവും സൂര്യ ടിവിക്കുണ്ടോ എന്നെനിക്കറിയില്ല. ഇല്ലെങ്കിലും ഞാന്‍ പരാതിപ്പെടുന്നില്ല. അതൊക്കെ നമ്മള്‍ പറഞ്ഞാല്‍ ഉണ്ടാകുന്നതല്ലല്ലോ.

ഇനിയിപ്പോള്‍ ഇങ്ങനൊരു മോഷണം നടന്ന വിവരം അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ച വസ്തുവിനെപ്പറ്റി ഈ ബ്ളോഗില്‍ തന്നെയാണ് ഞാന്‍ പോസ്റ്റിടുന്നത്. അത് സൂര്യടിവി കണ്ടേ മതിയാവൂ. പോരെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഒന്നു രണ്ടു പേരെ ഫോണിലും വിളിച്ചു. സര്‍ക്കാരാപ്പീസിലെപ്പോലെ അതിവിടെയല്ല, അവിടെയാണ് എന്നു പറഞ്ഞ് നമ്പരുകള്‍ മാറി മാറി കുറെ വിളിച്ചതല്ലാതെ സംഗതി എങ്ങുമെത്തിയിട്ടില്ല. പ്രോഗ്രാം നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആണുങ്ങളെപ്പോലെ ചോദിക്കൂ, പത്തോ നൂറോ പോസ്റ്റുകള്‍ വേണമെങ്കില്‍ ചുമ്മാ തന്നേക്കാം. അതിനു കഴിയുന്നില്ലെങ്കില്‍ പ്രോഗ്രാം നിര്‍ത്തിക്കളയൂ. അല്ലാതെ മോഷണം നടത്തി പ്രോഗ്രാം നടത്തുന്നത് സൂര്യ ടിവി പോലൊരു ചാനലിനു ചേര്‍ന്നതല്ല.

സൂര്യ ടിവി മോഷ്ടിച്ച പോസ്റ്റ് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ചവരില്‍ പ്രഭ നാരായണപിള്ള ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരുണ്ട്. അവരൊക്കെ ഈ ഗതിയിലാണെന്ന് എനിക്കറിയില്ലായിരുന്നു. പ്രഗല്‍ഭര്‍ക്ക് ഇവിടെ എന്തുമാകാമെന്നതുകൊണ്ട് കുഴപ്പമില്ല. ഇതുവരെ നാലോ അഞ്ചോ പേര്‍ ഇത് വിഡിയോ ആക്കി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ മാത്രമാണ് എന്നോട് അനുവാദം ചോദിച്ചത് (ആര്‍ക്കും റൈറ്റ് കൊടുത്തിട്ടില്ല, പൈസയും വാങ്ങിയിട്ടില്ല). അനുവാദമില്ലാതെ സംഗതി റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്ത സുഹൃത്തിനോടു ചോദിച്ചപ്പോള്‍ ബ്ളോഗില്‍ കമന്റ് രൂപേണ അനുവാദം ചോദിച്ചിരുന്നു പക്ഷെ, മറുപടി ഒന്നും കാണാത്തതുകൊണ്ട് സമ്മതമായിരിക്കും എന്നു കരുതി റെക്കോര്‍ഡ് ചെയ്തതാണെന്നായിരുന്നു. ആ മഹാത്മാവ് പിന്നെ ഞാന്‍ നിഷേധിച്ചെങ്കിലോ എന്നു കരുതി ഒരു കാര്യം ചെയ്തു- എന്റെ ക്രെഡിറ്റ് വച്ചില്ല. സംഗതി ക്ളീന്‍ !

ഞാനെഴുതണം, അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കണം- ഇതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം പല ആളുകളുടെയും ആവശ്യം. ബെര്‍ളി ചവറെഴുതുന്നവനാണെന്ന് പ്രചരിപ്പിക്കുകയും ആ ചവറുകള്‍ സ്വന്തം പേരിലാക്കി ഉദാത്തമെന്നു പറഞ്ഞു വിറ്റുകാശാക്കുകയും ചെയ്യുന്ന ഈ ബോണ്‍ലെസ് ഫാദര്‍ലെസ് സിന്‍ഡ്രോം ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയതുകൊണ്ടും ഇതുവരെ എന്റെ അനേകം പോസ്റ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ച് പലരും പല കാര്യങ്ങളും സാധിച്ചിട്ടുള്ളതിനാലും സൂര്യ ടിവിയോട് ഞാന്‍ ഒന്നും പറയുന്നില്ല. ചിലരൊക്കെ ഇപ്പോഴും ഈ ബ്ളോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ ഭാര്യമാരെയും കാമുകിമാരെയും കാണിച്ച് പലതും സാധിക്കുന്നുണ്ടത്രേ. ആരൊക്കെയോ ജോലിയും വിവാഹവും വരെ നടത്തിയിട്ടുണ്ടെന്നു പറയുന്നു. എന്തായാലും ഈ ബ്ളോഗില്‍ നിന്നു മോഷ്ടിക്കുന്ന പ്രഗല്‍ഭരുടെ ലിസ്റ്റ് നീളുന്നതിനാല്‍ ‘ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ചവര്‍’ എന്ന പേരില്‍ ഈ പ്രഗല്‍ഭരുടെയെല്ലാം പേര് ബ്ളോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ലിസ്റ്റില്‍ നിന്ന് അണ്ടനെയും അടകോടനെയുമൊക്കെ ഒഴിവാക്കും, പിണങ്ങരുത്.


Comments

Leave a Reply

Your email address will not be published. Required fields are marked *