അമേരിക്കയില്‍ നിന്ന് ഉഗ്രന്‍ മൊബൈല്‍ ഫോണുകളും അത്യുഗ്രന്‍ കംപ്യൂട്ടറുകളുമായി ഒരു കപ്പല്‍ കൊച്ചി തുറമുഖത്തു വരുമെന്നും അതു കേരളത്തിലെ ജനങ്ങള്‍ക്കു സൌജന്യമായി വിതരണം ചെയ്യാനാണെന്നും കേട്ടാല്‍ ഓസിനു കിട്ടിയാല്‍ ഡീസലും കുടിക്കുന്ന പാവപ്പെട്ട നമ്മള്‍ വെറുതെയിരിക്കുമോ ? ഒരു ലോറി പിടിച്ച് നേരെ കൊച്ചിക്കു വിടും. അവിടെ ചെല്ലുമ്പോഴാണ് അറിയുന്നത് സംഗതി സെക്കന്‍ഡ് ഹാന്‍ഡ് ആണ്. സെക്കന്‍ഡ് ഹാന്‍ഡെങ്കില്‍ അത്, ചുമ്മാ കിട്ടുമ്പം എത്ര ഹാന്‍ഡ് മറിഞ്ഞതാണെന്ന് അന്വേഷിക്കുന്നതു ശരിയാണോ? മാക്സിമം കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ചാക്കിലാക്കി നാട്ടില്‍ വന്ന് ഒരു കംപ്യൂട്ടര്‍ മൊബൈല്‍ ഷോപ്പ് തുടങ്ങി സംഗതിയൊക്കെ വിറ്റഴിക്കാം, ലാഭമുണ്ടാക്കാം. അപ്പോള്‍ ഇതെല്ലാം കേരളത്തിലേക്ക് കൊടുത്തുവിട്ട അമേരിക്കക്കാര്‍ ആരായി ?

അവര്‍ അവിടിരുന്ന് മണ്ടന്‍മാരായ മല്ലൂസിനെപ്പറ്റി ഓര്‍ത്തു ചിരിച്ചിരിച്ചിരിച്ചു ചത്തിട്ടുണ്ടാവും. കാരണം, കപ്പലില്‍ സന്തോഷവാര്‍ത്ത എന്ന കുറിപ്പുമായി കേരളത്തിലേക്ക് അവര്‍ കൊടുത്തയച്ച സാധനം നല്ല ഒന്നാംതരം മാലിന്യം ആയിരിക്കും എന്നതു തന്നെ. കംപ്യൂട്ടറും ഫോണും ഒക്കെ മാലിന്യമാകുന്നതെങ്ങനെ? അതും വര്‍ക്കിങ് കണ്ടിഷനിലുള്ളത് ? മാലിന്യം എന്നു വച്ചാല്‍ നമുക്ക് ചീഞ്ഞു നാറുന്ന സാധനങ്ങളാണ്. ചിക്കന്‍, മട്ടന്‍ വേസ്റ്റുകളും ചീഞ്ഞളിഞ്ഞ പച്ചക്കറികളുമല്ലേ നമ്മള്‍ മാലിന്യം എന്നു വിളിക്കുന്നത്.

യുഎന്‍ പറയുന്നതു പോലെ ഇതാണ് ഈ ഡെവലപ്പിങ് കണ്‍ട്രീസിന്റെ ഒരു കുഴപ്പം. നല്ല പാക്കറ്റില്‍ നാലു നല്ല വര്‍ത്താനം പറഞ്ഞു കിട്ടിയാല്‍ ഇ യുഗത്തിന്റെ ഉച്ഛിഷ്ടവും അമേധ്യവും പോലും അപടകടമാണെന്നു വിശ്വസിക്കില്ല. ഇന്ത്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ മേഖലകള്‍ 2020 ആകുമ്പോഴേക്കും ഇലക്ട്രോണിക് മാലിന്യത്താല്‍ കുമിയുമെന്നും ഇക്കാര്യത്തില്‍ ഇപ്പോഴേ വല്ലതും ചെയ്തില്ലെങ്കില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നുമുള്ള ഒറ്റവരി മുന്നറിയിപ്പാണ് ഇതിന്റെ സാരം.

ഇക്കണ്ട ഇവേസ്റ്റെല്ലാം അമേരിക്കയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്തിട്ടു വേണം ഇങ്ങോട്ടെത്താന്‍ എന്നര്‍ത്ഥമില്ല. ഇവിടെ ഇതിനോടകം വിറ്റുപോയിട്ടുള്ള മൊബൈല്‍ ഫോണുകളും ടിവി സെറ്റുകളും റഫ്രിജറേറ്ററുകളും കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമേരിക്കയെപ്പോലെ ചെറിയ രാജ്യമൊന്നുമല്ല ഇന്ത്യ എന്നോര്‍ക്കണം. 2020 ആകുമ്പോഴേക്കും ഉപേക്ഷിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ 2007ലേതിനെക്കാള്‍ 20 മടങ്ങു വര്‍ധിക്കുമന്നാണ് യുഎന്‍ മുന്നറിയിപ്പ്. ചൈന, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കു പുറമേ ഇന്ത്യയ്ക്കും കടുത്ത ഭീഷണിയാണുള്ളത്. പഴയ ഫോണുകള്‍ മാത്രമല്ല, കംപ്യൂട്ടര്‍, ടിവി റഫ്രിജറേറ്റര്‍ എന്നിവയും ഭീഷണി തന്നെ.

ഇമാലിന്യത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനം യുഎസിനു തന്നെ. 30 ലക്ഷം ടണ്‍ മാലിന്യമാണ് യുഎസ് ഈ വര്‍ഷം ഉണ്ടാക്കുമെന്നു കരുതുന്നത്. ചൈനയുടെ മാലിന്യം 23 ലക്ഷം എങ്കിലും ആകുമെന്നു കരുതുന്നു. ഇ മാലിന്യം സംസ്കരിക്കുന്നതിനും റീസൈക്കിള്‍ ചെയ്യുന്നതിനും വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി. ലോകത്ത് ഒരു വര്‍ഷം ഉണ്ടാകുന്ന ഇ മാലിന്യം ഏകദേശം നാലു കോടി ടണ്‍ ആണെന്ന യുഎന്‍ റിപ്പോര്‍ട്ട് തന്നെ സംഗതിയുടെ ഗൌരവം വെളിപ്പെടുത്തുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ മാലിന്യമാകുന്ന റഫ്രിജറേറ്ററുകളിലെ അപകടകരമായ വാതകങ്ങള്‍ പ്രകൃതിയിലുണ്ടാക്കുന്ന വെല്ലുവിളികളാണ് മറ്റൊരു പ്രധാന അപകടമായി ചൂണ്ടിക്കാണിക്കുന്നത്. ഇവേസ്റ്റ് മാനേജ്മെന്റ് വിദ്യകള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ പ്രകൃതിദുരന്തം എന്നു വിശേഷിപ്പിക്കാനാവാത്ത വിധം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉടലെടുക്കും എന്നു മുന്നറിയിപ്പു നല്‍കുന്നു യുഎന്‍.